NB :- ഇതൊരു സാങ്കല്പീക കത്താണ്. ഒരു മരിയന്‍ എം സി എ വിദ്യാര്ധിയും ആയി ഇതിനു ബന്ധം ഇല്ല.
അന്ന് മരിയന്‍ വിട്ടപ്പോള്‍ ഭയങ്കര സങ്കടം ആയിരുന്നു. രാവിലെ 8 മണിക്ക് പാതി ഉറക്കത്തില്‍ ക്ലാസ്സില്‍ വന്നിരിക്കുന്നതും, ഒരു മിനിറ്റ് ക്ലാസ്സില്‍ താമസിച്ചതിനു അപ്പോ ളജി എഴുതുന്നതും, ലാബില്‍ ഷൂസ് ഊരുമ്പോള്‍ സോക്സില്‍ നിന്നും വരുന്ന മണം സഹിക്കാന്‍ വയ്യാതെ പെണ്‍കുട്ടികള്‍ എഴുന്നേറ്റു പോകുന്നതും, സാര്‍ ബോര്‍ഡില്‍ എഴുതാന്‍ തിരിയുമ്പോള്‍ പേപ്പര്‍ ചുരുട്ടി അപ്പുറത്തെ നിരയിലേക്ക് എറിയുന്നതും, ഹോസ്റ്റലില്‍ 12 മണി വരെ എല്ലാവരും കൂടി സൊറ പറഞ്ഞ ഇരിക്കുന്നതും, ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു ഐ പി എസ് ആര് സാറിന്റെ statistics ക്ലാസ്സി ല്‍ ഇരുന്നു ഉറങ്ങുന്നതും ഒക്കെ ഭയങ്കര മിസ്സിംഗ് ആരുന്നു. പിന്നെ ഒരു വര്‍ഷം shreds kerala എക്സാം എഴുതാന്‍ എറണാകുളത്ത് പോക്കാരുന്നു. 678 , 25 , 58745 ഇനി അടുത്ത സംഖ്യാ ഏത്, എന്നൊക്കെ ഇപ്പോളും ഉറക്കത്തില്‍ പറയാന്‍ പറ്റും. പക്ഷെ ഇന്‍ഫോസിസ് റിലേഷന്‍ വെച്ചുള്ള എക്സാം എഴുതിയപ്പോള്‍ എന്റെ മകനും, അളിയനും, മരുമകനും എല്ലാം ഞാന്‍ തന്നെ ആയി വന്നതോട് കൂടെ ആ പരിപാടി നിര്‍ത്തി. പിന്നെ രണ്ടാം വര്‍ഷം മനോരമ ഞായറാഴ്ച പതിപ്പില്‍ വന്ന 'നാരായണ മൂര്‍ത്തിയുടെ' ജീവ ചരിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് ബാങ്ക് ലോണ്‍ എടുത്ത് സ്വന്തമായി 'വെബ് ഡിസൈന്‍' സ്ഥാപനം തുടങ്ങി. സ്വര്‍ണ്ണ കടയുടെയും, സോപ്പ് കമ്പനിയുടെയും ഒക്കെ വെബ്സൈറ്റ് ചെയ്തെങ്കിലും ശമ്പളം കൊടുക്കാന്‍ ഉള്ള കാശ് കിട്ടി എന്നല്ലാതെ കറന്റ് ചാര്‍ജും, ലോണും അടവും ഒക്കെ വീട്ടില്‍ നിന്നും വേറെ മേടിക്കേണ്ടി വന്നു. ignite-നു മുണ്ടക്കയത്തും, കട്ടപ്പനയിലും ഒക്കെ പരസ്യം പിടിക്കാന്‍ പോയ മുന്‍പരിചയം എന്നെ സഹായിച്ചു. ഗൂഗിളില്‍ നോക്കി അമേരിക്കയിലെ കടകളുടെ ഫോണ്‍ നമ്പറും, ഇമെയിലും ഒക്കെ എക്കെ എടുത്തു ബന്ടപെട്ടു എങ്കിലും മറുപടി ഒന്നും ഉണ്ടായില്ല. മൂന്നാം വര്‍ഷം അതും നിര്‍ത്തി ഞാന്‍ തിരുവനത പുറത്ത് പോയി ഡോട്ട് നെറ്റ് കോഴ്സ് പഠിച്ചു ഒരു ജോലി കിട്ടി.
പ്രിയപ്പെട്ട സാന്റോ സാര്‍,
മരിയന്‍ എം സി എ പത്താം വാര്‍ഷികത്തിന് വളരെ വിളിച്ചതില്‍ നന്ദി. സാദാരണ സാര്‍ അലുംനി മീറ്റിനോ മറ്റെന്തെങ്കിലും പരിപാടിക്കോ വിളിച്ചാല്‍ ഞാന്‍ ബാനര്‍ കെട്ടാനും, പരസ്യം പിടിക്കാനും ഒക്കെ ഓടി വരുന്നതാണ്, പക്ഷെ ഇപ്രാവശ്യം സാര്‍ വിളിക്കുമ്പോള്‍ ഞാന്‍ കമ്പനി ഓണ്‍സൈറ്റില്‍ അമേരിക്കയില്‍ ആണ്, അത് കൊണ്ട് ഓടി വരാന്‍ പറ്റില്ല. പണ്ട് എം സി എ ലാബില്‍ വെച്ച് പത്തില്‍ താഴെ ഉള്ള പ്രൈം (prime) നമ്പര്‍ എഴുതാന്‍ ഉള്ള പ്രോഗ്രാം തന്നപ്പോള്‍ print (2 , 3 , 5 , 7 ) എന്ന് എഴുതി പറ്റിച്ച ഞാന്‍ എങ്ങനെ അമേരിക്കയില്‍ ഓണ്‍സൈറ്റ് ചെന്നു എന്നായിരിക്കും സാര്‍ ഓര്‍ക്കുന്നത്. മരിയനില്‍ നിന്നും വിട്ടത് മുതല്‍ ഇപ്പോള്‍ അമേരിക്കയില്‍ ചെന്നത് വരെ ഉള്ള സംഭവ ബഹുലമായ അഞ്ചു വര്‍ഷത്തെ കഥയുടെ ചുരുക്കം ആണ് ഈ കത്തില്‍.
രണ്ടു വര്‍ഷം ആ കമ്പനിയില്‍ ജോലി ചെയ്തപ്പോള്‍ ആണ് രണ്ടര മാസം മുംബ് അമേരിക്കയില്‍ ഓണ്‍സൈറ്റ് പോകാന്‍ ഒരു അവസരം വന്നത്. client കോളുകള്‍ ഒക്കെ വരുമ്പോള്‍ 'യെപ്','താങ്ക് യു' ഒക്കെ പറഞ്ഞു ഒരു വിധം തട്ടി മുട്ടി പോകുന്നതല്ലാതെ അവരുടെ അടുത്ത് നേരിട്ട് പോകേണ്ടി വരും എന്ന് ഒരിക്കലും ഓര്‍ത്തില്ല. ആ 'റോജര്‍ ബെറി' എന്ന് പറയുന്ന സായിപ്പ് പറയുന്ന ഒരു sentence പോലും എനിക്ക് മുഴുവന്‍ ഇത്ര നാളായി മനസിലായിട്ടില്ല. ടീമിലെ മറ്റു നാല് പേരും മൂന്നു തവണ ഓണ്‍ സൈറ്റ് പോയി, ഇനി ഞാനേ ഉള്ളു പോകാന്‍. രണ്ടു പേര്‍ക്ക് കുട്ടികള്‍ ഉണ്ടായി, ഒരാളുടെ അപ്പന് സുഖം ഇല്ല, വേറെ ഒരാള്‍ക്ക് വിസ reject ആയി. അമേരിക്കയില്‍ പോയതാണെന്ന് പറഞ്ഞാല്‍ കല്യാണ മാര്‍കെറ്റില്‍ നല്ല demand ആണെന്ന് അര്‍ഷടും, അജോ പി ജോണും ഒക്കെ പറഞ്ഞപ്പോള്‍ എന്തായാലും പോയേക്കാം എന്ന് വെച്ച്. പിന്നെ എനിക്ക് എല്ലാ ആഴ്ചയിലും വീട്ടില്‍ ഒക്കെ ഒന്ന് പോയി, വൈകിട്ട് വായനശാലയുടെ അടുത്ത് കുറച്ചു നേരം ക്രിക്കറ്റ് ഒക്കെ കളിചില്ലങ്കില്‍ ഒരു സുഖം ഇല്ല. മരിയനില്‍ പഠിച്ചപ്പോള്‍ വരെ ഞാന്‍ മാസത്തില്‍ ഒന്ന് വെട്ടില്‍ പോയിരുന്നതാ, ഇതിപ്പോള്‍ മൂന്നു മാസം അതില്ലാതെ എങ്ങനെ എന്നറിയില്ല. അമേരിക്കയില്‍ പോകുക ആണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ചെലവ് ചെയ്യലിന്റെ ബഹളം ആയി, കമ്പനിയില്‍, നാട്ടില്‍, വീട്ടില്‍ എല്ലായിടത്തും ചിലവോട് ചെലവ്. ജോലി ചെയ്തപ്പോള്‍ വലിയ സമ്പാദ്യം ഒന്നും ഇല്ലാഞ്ഞ കൊണ്ട് ആ വകയില്‍ 25000 രൂപ കടം വാങ്ങേണ്ടി വന്നു, പിന്നെ അമേരിക്കയിലേക്കുള്ള ചിലവിനു ഡോളറിനു നാല്‍പ്പത്തി അഞ്ചു രൂപ വെച്ച് അമ്പതിനായിരം വേറെയും. എന്തായാലും ഡോളര്‍ ആയി ശമ്പളം കിട്ടുമ്പോള്‍ തിരിച്ചു കൊടുക്കാമല്ലോ എന്നോത്ത് കടങ്ങള്‍ വാങ്ങി കൂട്ടി. ഞാന്‍ അമേരിക്കയില്‍ എത്തി. ഫേസ് ബുക്കിലും, ഓര്‍കുട്ടിലും, മരിയന്‍ ഗ്രൂപ്പ് ഇമെയിലിലും ഒക്കെ ജാടക്ക് തന്നെ 'ഗുഡ് ബൈ ഇന്ത്യ, 'റീച് ചിക്കാഗോ' എന്നൊക്കെ സ്റ്റുസും കൊടുത്തു. എന്തിനേറെ, matrimonial വെബ് സൈറ്റില്‍ വരെ സ്റ്റാറ്റസ് 'വര്‍ക്കിംഗ് ഇന്‍ അമേരിക്ക' എന്നാക്കി.
ഓഫീസ് ഇരിക്കുന്ന സ്ഥലത്തിന്റെ പേര് 'ഒക് ലി' എന്ന് പ്രൊജക്റ്റ് മാനേജര്‍ പറഞ്ഞു തന്നാരുന്നു. ഒരു ടാക്സി പിടിച്ചു ഒക് ലിയിലേക്ക് പോകാന്‍ ഡ്രൈവറോട് പറഞ്ഞു ജാടയോട് കൂടെ തന്നെ പറഞ്ഞു. എത്ര പറഞ്ഞിട്ടും ഞാന്‍ പറഞ്ഞ സ്ഥലം ഡ്രൈവര്‍ക്ക് മനസിലാകാത്ത കൊണ്ട് പേപ്പറില്‍ OAKLY എന്ന് സ്പെല്ലിംഗ് എഴുതി കൊടുത്തു. 'ജി പി എസ്' നോക്കി അമേരിക്കയില്‍ തന്നെ അങ്ങനെ ഒരു സ്ഥലം ഇല്ലാന്ന് പുളിക്കാരന്‍ കണ്ടു പിടിച്ചു. പിന്നെ ഫോണ്‍ ബൂത്തില്‍ നിന്നും നാട്ടില്‍ ഉറങ്ങി കിടന്ന പ്രൊജക്റ്റ് മാനേജരെ വിളിച്ച നെറ്റ് എടുത്തു നോക്കിയപ്പോള്‍ ആണ് സ്പെല്ലിംഗ് OAKLEIGH ആണെന്ന് മനസിലായത്. LEIGH എന്നൊക്കെ സ്പെല്ലിംഗ് ഊഹിക്കാന്‍ ഈ പാവം നാട്ടില്‍ പുരത്തുകാരന് എം സി എ കാരന് ബുദ്ധി പോയില്ല.
അങ്ങനെ താമസിക്കാന്‍ ഉള്ള, താല്‍ക്കാലിക റൂമില്‍ എത്തി, കമ്പനി വക ആയി സ്ഥിരം ഓണ്സൈറ്റ്കാര് ഉപയോഗിക്കുന്ന മൊബൈലും കിട്ടി. പിറ്റേ ദിവസം രാവിലെ കമ്പനിയുടെ ഇരുപത്തി ഏഴാമത്തെ മുറിയിലെ റിസെപ്ഷനില്‍ എത്തി ഓഫീസില്‍ കാണേണ്ട ആളുടെ പേര് ചോദിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടില്‍ നിന്നും പ്രൊജക്റ്റ് മാനേജര്‍ മൊബൈലില്‍ വിളിക്കുന്നു, ഓഫീസില്‍ സുരക്ഷിതമായി എത്തിയോ എന്നറിയാന്‍. മലയാളത്തില്‍ പുള്ളിയോട് സംസാരിക്കുന്നത് വേറെ ആരും കേള്‍ക്കണ്ടല്ലോ എന്നോര്‍ത്ത് മൊബൈലും ആയി അവിടെ നിന്നും ഇറങ്ങി ആദ്യം കണ്ട കതകു തുറന്നു അകത്തു കയറി സംസാരിച്ചു. സംസാരിച്ചു കഴിഞ്ഞപ്പോള്‍ ആണ് കതകു തിരികെ തുറക്കുന്നില്ല. നോക്കിയപ്പോള്‍ 44 നില ഉള്ള കെട്ടിടത്തിന്റെ stair case ന്റെ കതകു തുറന്നാണ് ഞാന്‍ അകത്ത് കയറിയത് . എല്ലാ നിലയില്‍ നിന്നും സ്ടയര്‍ കേസിലേക്ക് തുറക്കാം തിരിച്ചു തുറക്കണം എങ്കില്‍ ID കാര്‍ഡ് ഉരയ്ക്കണം. 4 നില മുകളിലേക്കും, നാല് നില താഴേക്കും നടന്നു കതകു തുറക്കാന്‍ ശ്രമിച്ചു. ഒന്നും തുറക്കുന്നില്ല. മുകളിലേക്കും താഴേക്കും നോക്കിയാല്‍ അന്തം ഇല്ലാത്ത സ്റെപ്പുകള്‍ മാത്രം. അവസാനം 19 നില നടന്നു ഇറങ്ങിയപ്പോള്‍ ഒരു ചുവന്ന ഫോണ്‍. അതില്‍ കണ്ട ബട്ടണില്‍ അമര്‍ത്തി. അത് ഫയര്‍ അലാറം ആയിരുന്നു. അവര്‍ കാര്യം ചോദിച്ചു, ഞാന്‍ പറഞ്ഞു ലിഫ്റ്റില്‍ കുടുങ്ങി എന്ന്. അവര്‍ ഫോണിലൂടെ 'ഫക്ക് , ഷിറ്റ് ' എല്ലാം പറഞ്ഞു, അത് പോലെ ഉള്ള വിളികള്‍ ഇപ്പോളും പല ഭാഗത്തായി അനുസ്യൂതം തുടരുന്നു. തീപിടുത്തം ഉണ്ടാകുമ്പോള്‍ മാത്രം അടിക്കേണ്ട എമര്‍ജന്‍സി ഫയര്‍ അലാറം ആയിരുന്നു അത്. ആ ബെല്‍ കേട്ട ഉണ്ടന് ഫയര്‍ എങ്ങിനെ പുറപ്പെട്ടു കെട്ടിടത്തിന്റെ താഴെ എത്തിയ ശബ്ദം ഞാന്‍ കേട്ടു . ആവശ്യം ഇല്ലാതെ ആ ഫോണ്‍ എടുത്തതിനു എനിക്ക് 150 ഡോളര്‍ പിഴയും.
അങ്ങെനെ 'യെപ്', 'താങ്ക് യു' ഒക്കെ പറഞ്ഞു തട്ടി മുട്ടി ഒരാഴ്ച കടന്നു പോയി. കമ്പനിയില്‍ എല്ലാവരും താമസിക്കുന്ന സ്ഥലത്ത് മുറിയും ആവശ്യം ഉള്ളപ്പോള്‍ ഉപയോഗിക്കാന്‍ ഒരു കാരും കാറും കിട്ടി. ശനിയാഴ്ച വെറുതെ വീട്ടില്‍ ഇരുന്നപ്പോള്‍ ആ കാര്‍ എടുത്ത് ഒന്ന് പുറത്ത് പോയി ചിക്കാഗോ നഗരം ഒന്ന് കാണാന്‍ തീരുമാനിച്ചു. നാട്ടില്‍ ലൈസെന്‍സ് ഉള്ള temporary വിസക്കാര്‍ക്ക് അമേരിക്കയില്‍ വണ്ടി ഓടിക്കാം. പോകുന്ന വഴിക്ക് കുറച്ചേറെ ശക്തിയായ ഫ്ലാഷ് വെട്ടങ്ങള്‍ വണ്ടിയില്‍ അടിക്കുന്നത് കണ്ടു. ഒരിടത്ത് പാര്‍ക്ക് ചെയ്തപ്പോള്‍ ഒരാള്‍ എന്തോ സ്ടിക്കെര്‍ വണ്ടിയില്‍ ഒട്ടിക്കുന്നതും കണ്ടു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ 350 ഡോളര്‍ ഫൈന്‍ വന്നു. രണ്ടു സ്പീഡ് ബ്രേക്ക് ഫൈന്‍, ഒരു റോങ്ങ് പാര്‍ക്കിംഗ് ഫൈന്‍, പിന്നെ ഒരു റെഡ് സിഗ്നല്‍ ബ്രീകിംഗ് ഫൈന്‍. ഒരാഴ്ചത്തെ ചിലവും, കുറച്ചേറെ ഫൈനും ഒക്കെ ആയി ഞാന്‍ ആകെ സാമ്പത്തിക ഞെരുക്കത്തില്‍ ആയി. ഡോളറില്‍ ശമ്പളം കിട്ടാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും.
അപ്പോളാണ് ആരോ പറഞ്ഞത് പാര്‍ട്ട് ടൈം ജോലി കൂടെ ചെയ്താല്‍ ഉള്ള സമയത്ത് അല്‍പ്പം സബാതിക്കം എന്ന്. ഒത്തിരി സ്ഥലത്ത് അപേക്ഷകള്‍ അയച്ചു മടുത്ത്, അവസാനം ഒരു പെട്രോള്‍ പമ്പില്‍ നിന്നും വിളി വന്നു. പെട്രോള്‍ ഒഴിച്ച് കൊടുക്കുന്ന പണി അല്ല, അത് ഓടിക്കുന്നവര്‍ തന്നെ ചെയ്തോളും. ഇത് പിന്നെ അവിടം ഒക്കെ വൃത്തി ആക്കുന്ന, സാദനങ്ങള് ഇറക്കുന്ന ഒരു ജോലി ആണ്. വല്ല നാടും അല്ലെ, ആര് കാണാന്‍ എന്ന് വെച്ച് ജോലിക്ക് പോയി. മൂന്നാം ദിവസം പമ്പില്‍ നില്ക്കുമ്പോള് മരിയനില്‍ എം സി എ ക്ക് പഠിച്ച അനിത ഭര്‍ത്താവും ഒപ്പം പെട്രോള്‍ അടിക്കാന്‍ വരുന്നു. ഞാന്‍ കാണാത്ത പോലെ നിന്നു. അവള് റാങ്ക് കാരിയും, ഡാന്‍സ് കാരിയും ഒക്കെ ആയി ഞെളിഞ്ഞു നടന്നപ്പോള്‍ നമ്മള് എത്ര പണി കൊടുത്താ അവളെ അന്ന് മരിയനില്‍ വെച്ച് ഒതുക്കിയത്. ഇങ്ങനെ ഒരു അവസ്ഥയില്‍ അവള് എന്നെ കാണും എന്ന് ഒരിക്കലും ഓര്‍ത്തില്ല. അവള് എന്റെ അടുത്ത് വന്നു പോകാന്‍ നേരം 10 ഡോളര്‍ ടിപ്പും തന്നു പിന്നെ കാണാം എന്ന് പറഞ്ഞു പോയി. എന്റെ തൊലി ഉരിഞ്ഞു പോയി, ഫേസ് ബുക്കില്‍ ഒക്കെ എന്ന ജാടക്ക് അമേരിക്കക്ക് പോകുവാന്നു സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിട്ട് പോന്നതാ. ഇവിടെ പെട്രോള്‍ പമ്പില്‍ വെച്ച് കണ്ടു എന്നെങ്ങാനും അവള് ഗ്രൂപ്പില്‍ മെയില്‍ അയച്ചാല്‍ എന്റെ ഗതി എന്താകും. എന്തായാലും അന്നത്തോടെ ഞാന്‍ പാര്‍ട്ട് ടൈം ജോലി നിര്‍ത്തി.
ഒരു ദിവസം നടക്കാന്‍ പോയപ്പോള്‍ എം സി എ ക്ക് പഠിച്ച മനു ഇല്ലേ അവന് ഒരു നേഴ്സ്നെ കെട്ടി ഇവിടെ ജാടക്ക് നടക്കുന്നു. അവന്റെ ഹോണ്ട സി ആര് വി കാറില്‍ രണ്ടു നില ഉള്ള യമണ്ടന്‍ വീട്ടില്‍ എന്നെ കൊണ്ടു പോയി. കുട്ടിക്കനത്തെ ദേവാസ് ഹോട്ടലിലെ പഴകിയ പൊറോട്ട മാത്രം കഴിച്ചിരുന്ന അവന് ഇപ്പോള്‍ പിസ്സയും, ബര്‍ഗറും മാത്രമേ കഴിക്കു.
ദിവസങ്ങള്‍ കടന്നു പോയി. ഇനി നാട്ടിലേക്കു തിരികെ പോകാന്‍ 3 ആഴ്ച കൂടെയേ ഉള്ളു. നാട്ടില്‍ നിന്നും ഇ മെയിലുകള്‍ വന്നു തുടങ്ങി, തിരികെ വരുമ്പോള്‍ കൊണ്ടു വരേണ്ട സാടങ്ങളുടെ ലിസ്റ്റ്. ഐ ഫോണ്‍, ഐ പാഡ്, വാച്ച്, മൊബൈല്‍, ജോണി വാക്കര്‍ അങ്ങനെ നീളുന്നു ആ ലിസ്റ്റ്. നാട്ടിലെ കടം ഇതുവരെ തീര്‍ന്നില്ല, കിട്ടിയ ഡോളര്‍ മുഴുവന്‍ ഫയ്നും , ചിലവും ചെയ്തു തീര്‍ന്നു ഇനി എന്ത് വെച്ച് നാട്ടിലേക്ക് കൊണ്ടു പോകേണ്ട സാദനങ്ങള് വാങ്ങും. അമേരിക്കയില്‍ നിന്നും വരുമ്പോള്‍ ഒന്നും വാങ്ങാതെ എങ്ങനെ വരും. ഞാന്‍ ഒരു ചൈന കടയില്‍ പോയി കുറച്ചു ചെറിയ സാടങ്ങള്‍ വാങ്ങി.
ഞാന്‍ തിരിച്ചു നെടുമ്പാശ്ശേരിയില്‍ എത്തുന്നതിന്റെ പിറ്റേ ദിവസം ആണ് എം സി എ പത്താം വാര്‍ഷീകം. ഞാന്‍ നേരെ എയര്‍ പോര്‍ട്ടില്‍ നിന്നും കുട്ടിക്കാനത്തെക്ക് പോരുവാ. രാത്രി കിടക്കാന്‍ സാറിന്റെ വീട്ടില്‍ ഒരു എക്സ്ട്രാ മുറി ഉണ്ടല്ലോ. അല്ലങ്കില്‍ ലാബിലെ കുറച്ചു കസേരകള്‍ ഒരുമിച്ചു വെച്ചു കിടന്നു ഉറങ്ങിക്കോളം. എത്ര രാത്രികള്‍ ലാബിലെ ആ കസേരകള്‍ കൂട്ടി വെച്ച് ബാലന്‍സ് പിടിച്ച് ലാബ് എക്സാമിന്റെ തലേ ദിവസങ്ങളില്‍ ഉറങ്ങിയിരിക്കുന് നു. അഞ്ചു വര്‍ഷം കഴിഞ്ഞില്ലേ, ബാലന്‍സ് ഒക്കെ പോയി കാണുമോ ആവോ? രാവിലെ എം സി എ പിള്ളേര് ബാനര്‍ കെട്ടാന്‍ പോകുമ്പോള്‍ ഞാനും കൂടാം. പിന്നെ സാറിന്റെ കയ്യില്‍ പഴയ ആ ക്രെഡിറ്റ് കാര്‍ഡ് ഇപ്പോളും ഉണ്ടല്ലോ അല്ലെ. അമേരിക്കയില്‍ നിന്നും വരുന്നത് അല്ലെ, വീട്ടിലേക്കു പോകുമ്പോള്‍ കുട്ടിക്കനത്ത് മാനസി ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും എന്തെങ്കിലും മേടിച്ചു കൊണ്ടു പോകാനാ. ഒന്നും ഇല്ലാതെ അമേരിക്കയില്‍ നിന്നും വീട്ടിലേക്കു എങ്ങനാ കേറി ചെല്ലുന്നത്. നിങ്ങള്‍ക്ക് ഉള്ള ചോക്ലാറെ ഞാന്‍ വാങ്ങി വെച്ചിട്ടുണ്ട്. അപ്പോള്‍ പത്താം വാര്‍ഷികത്തിന് മരിയന്‍ കോളേജില്‍ വെച്ച് കാണാം.
സസ്നേഹം
ഉണ്ണികൃഷ്ണന്
എം സി എ ഓള്‍ഡ് വിദ്യാര്‍ഥി,
മരിയന്‍ കോളേജ്, കുട്ടിക്കാനം.
1 അഭിപ്രായം:
ഉണ്ണികൃഷ്ണാ തകര്‍ത്തു.. കൊള്ളാം..വേറെ എന്തോ സാധനം തപ്പി തപ്പി.. ഗൂഗിള്‍ അമ്മച്ചി എത്തിച്ചതാ ഇവിടെ.. സംഭവം സ്പാറി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ